കോട്ടയം: കോട്ടയം ക്നാനായ അതിരൂപതയ്ക്ക് മോണ്‍. തോമസ് ആനിമൂട്ടിലിലൂടെ പുതിയൊരു സഹായമെത്രാനെ ലഭിക്കുമ്പോള്‍ കാരിത്താസിന് ഇത് ഇരട്ടി മധുരം.
2008 മുതല്‍ 2019 വരെ 10 വര്‍ഷം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ഫാ. തോമസ് ആനിമൂട്ടിലിന്റെ സേവനകാലം കാരിത്താസിന്റെ പഴമയില്‍നിന്നു പുതുമയിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. മോഡേണ്‍ കാരിത്താസ് എന്ന ആശയം അവതരിപ്പിച്ച് ആധുനിക ചികിത്സാരീതികളും സംവിധാനങ്ങളും സ്പെഷലൈസ് ഡിപ്പാര്‍ട്ട്മെന്റുകളും ആശുപത്രിയില്‍ കൊണ്ടുവരാന്‍ ഫാ. ആനിമൂട്ടിലിനു കഴിഞ്ഞു.
2016 മുതല്‍ 2019 വരെ മൂന്നു വര്‍ഷം ഡയറക്ടറായിരുന്ന ഫാ. തോമസ് ആനിമൂട്ടിലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ നല്ല ഓര്‍മകള്‍ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ദീപികയോടു പങ്കുവച്ചു. ആശുപത്രി എങ്ങനെ ആകണമെന്നും എങ്ങനെയാണ് പാവങ്ങളുടെ പക്ഷം ചേര്‍ന്ന് ആശുപത്രി നടത്തേണ്ടതെന്നും ആനിമൂട്ടില്‍ അച്ചനിലൂടെ പഠിക്കാന്‍ കഴിഞ്ഞതായി ഫാ. ഡോ. ബിനു കുന്നത്ത് അനുസ്മരിച്ചു. ഇപ്പോഴും കാരിത്താസ് അതേ പാതയിലൂടെയാണു മുന്നോട്ടു പോകുന്നതെന്നും ഫാ. ബിനു കുന്നത്ത് പറഞ്ഞു.
ഇന്നലെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന നിയുക്ത സഹായമെത്രാന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്തും അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സൈജു പുത്തന്‍പറമ്പിലും കാരിത്താസ് കുടുംബത്തിന്റെ ആശംസകള്‍ നിയുക്ത ബിഷപ്പിനെ അറിയിച്ചു.